കുഞ്ഞേ,
നിന്റെ വിടർന്ന കണ്ണുകൾ
ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞിരിക്കുന്നു.
അവ ഒരിക്കലും അടഞ്ഞുവെന്നു
വിശ്വസിക്കാനാവുന്നില്ല എനിക്ക്.
നീ എന്റെ രക്തമല്ല,
എന്റെ കൂടപ്പിറപ്പല്ല,
എന്റെ സഖികളിൽ ഒരാളുമല്ല—
എന്നിരുന്നാലും,
നിന്റെ മാഞ്ഞുപോക്കിന്റെ ദുഃഖം
ഖനീഭവിച്ച് എന്റെ ഹൃദയം തളർത്തുന്നു.
അപകടവാർത്ത കേട്ട ദിവസം,
എന്റെ കണ്ണുകൾ നിറഞ്ഞു,
ഒരു കണ്ണുനീർ വീണു,
നിന്റെ ഓമന മുഖം
മനസ്സിൽ തെളിഞ്ഞപ്പോഴെല്ലാം
ഒരു വിറയൽ പടർന്നു,
ഒരു തരിപ്പെൻ തലയിൽ പിടിച്ചു.
കുഞ്ഞേ,
എന്റെ സങ്കടം
നിയന്ത്രിക്കാനാവുന്നില്ല.
നീയും ഞാനും
ഒരു ദേശത്തിന്റെ മക്കൾ,
ഒരു മലനാട്ടിൽ ജനിച്ചവർ,
ഒരേ വായു ശ്വസിച്ചവർ,
ഒരേ കളികൾ കളിച്ചവർ,
ഒരേ കാഴ്ചകൾ കണ്ടവർ.
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും,
ആ ബന്ധം നമ്മെ ഒന്നാക്കുന്നു—
രക്തബന്ധമല്ല,
ഒരു നാടിന്റെ സന്ധതിയെന്ന ബന്ധം.
നിന്നെ എന്റെ മകളാക്കുന്നു,
എന്റെ പൊന്നോമനയാക്കുന്നു
ആ ബന്ധം.
തീഷ്‌ണമാണത്,
മനസിനെ പിടിച്ചുലയ്ക്കുന്ന ബന്ധം.
ഇത്രയും കറുത്ത ലോകത്തിൽ,
നിന്നെ ഓർത്തു
എന്നെ കരയിപ്പിക്കുന്ന ബന്ധം.
No comments:
Post a Comment